---------------------------------------------------------------------------------------------------------------------------------------------------------------
          Latest News:-
---------------------------------------------------------------------------------------------------------------------------------------------------------------
ചുറ്റുവട്ടം.
  News as On:- 14-July-2013. 

* പോര്‍ക്കുളത്ത് പച്ചക്കറിത്തോട്ടം.

   പോര്‍ക്കുളം പഞ്ചായത്ത് പച്ചക്കറിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നു. അകതിയൂര്‍ എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ബിന്ദു ഹരീന്ദ്രന്‍ അധ്യക്ഷയായി. കോ-ഓര്‍ഡിനേറ്റര്‍ ഡാന്റീസ് മുരിങ്ങത്തേരി, പരിശീലക സുധ, ദാസന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------

* കര്‍ഷക രജിസ്‌ട്രേഷന്‍.

   കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രജിസ്‌ട്രേഷന്‍ കൃഷിഭവനില്‍ നടത്താത്ത കര്‍ഷകര്‍ ജൂലായ് 30ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഓഫീസര്‍ കെ.ആര്‍. ബിജി അറിയിച്ചു..

---------------------------------------------------------------------------------------------------------------------------------------------------------------

* കര്‍ഷകരേ, നിങ്ങളെ സഹായിക്കാന്‍ കര്‍മസേന വരുന്നു.

  കാട്ടകാമ്പാല്‍: കൃഷിജോലികള്‍ക്കായി അന്യസംസ്ഥാന തൊഴിലാളികളെ തേടുന്നവര്‍ ശ്രദ്ധിക്കുക. നാട്ടിലിതാ കാര്‍ഷിക കര്‍മസേന വരാന്‍ പോവുന്നു. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന് പഞ്ചായത്തില്‍ പരീക്ഷിച്ച് വിജയം നേടിയ കാര്‍ഷിക കര്‍മസേനയാണ് ജില്ലയില്‍ വരുന്നത്. ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന കാര്‍ഷിക കര്‍മസേന ജില്ലയില്‍ നാട്ടിക, വാടാനപ്പള്ളി, കൊണ്ടാഴി, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലാണ് ആദ്യം രൂപവത്കരിക്കുന്നത്. നാട്ടിക പഞ്ചായത്തില്‍ സേനരൂപവത്കരണം അവസാനഘട്ടത്തിലായി. 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളെയാണ് സേനയിലേക്ക് തിരഞ്ഞെടുക്കുക. കാര്‍ഷികവൃത്തിയിലുള്ള തൊഴില്‍സന്നദ്ധതയാണ് യോഗ്യത. കൃഷിഭവന്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് കൃഷിരീതികളെക്കുറിച്ച് ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവരെ കൃഷിപ്പണിക്ക് നിയോഗിക്കും. കാര്‍ഷികാവശ്യത്തിന് തൊഴിലാളികളെ ആവശ്യമുള്ളവര്‍ കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. കൃഷി ഓഫീസര്‍ കണ്‍വീനറായ സമിതിയാണ് തൊഴിലാളികളെ നിശ്ചയിക്കുക. ജോലിക്ക് തൊഴിലാളികളെ നല്‍കുമ്പോള്‍ കൃഷിഭവന്‍ സേവനനിരക്ക് ഈടാക്കും. കര്‍ഷകരില്‍നിന്ന് പിരിച്ചെടുക്കുന്ന സേവനനിരക്കാണ് തൊഴിലാളികളുടെ കൂലിയെന്ന് കാട്ടകാമ്പാല്‍ കൃഷി ഓഫീസര്‍ കെ.ആര്‍. ബിജി അറിയിച്ചു. കാട്ടകാമ്പാല്‍ കൃഷിഭവനില്‍ കാര്‍ഷിക കര്‍മസേനയില്‍ അംഗമാകാന്‍ താല്പര്യമുള്ളവര്‍ ജൂലായ് 20നു മുമ്പായി അപേക്ഷിക്കണം.

---------------------------------------------------------------------------------------------------------------------------------------------------------------

* കരിച്ചാല്‍ക്കടവ് റഗുലേറ്ററിന് ഒരുകോടി.

  കാട്ടകാമ്പാല്‍:പഞ്ചായത്തിലെ കാരിച്ചാല്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഇറിഗേഷന്‍ വകുപ്പിന്റെ തലപ്പിള്ളി പാക്കേജില്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചതായി ബാബു എം. പാലിശ്ശേരി എം.എല്‍.എ. അറിയിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്. റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാസൗകര്യവും വര്‍ദ്ധിക്കും. വെള്ളം തടഞ്ഞുനിര്‍ത്തി കൃഷിക്കാവശ്യാനുസരണം ഉപയോഗിക്കാനും കഴിയുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------

* പഴഞ്ഞി വായനശാല വിദ്യാര്‍ഥികളെ ആദരിച്ചു.

  പഴഞ്ഞി: പബ്ലിക് ലൈബ്രറി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പഴഞ്ഞി, പെങ്ങാമുക്ക്, മങ്ങാട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ഇരുപത്തിയഞ്ച് കുട്ടികള്‍ക്ക് മെമന്‍േറാകളും പുസ്തകങ്ങളും നല്‍കി. പി.എസ്.സി. അംഗം എ.വി. വല്ലഭന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഴഞ്ഞി പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ടി. ഷാജന്‍ അധ്യക്ഷനായി. എം. ഉദയശങ്കരന്‍, ടോണി പി.സണ്ണി, ജിന്‍േറാ പി. ഗീമോന്‍, വിഗില വിജയന്‍, എം.എസ്. സൂര്യ എന്നിവര്‍ പ്രസംഗിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------

* തുല്യതാ രജിസ്‌ട്രേഷന്‍.

  കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പത്താംതരം തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂലായ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തോഫീസുമായോ തുടര്‍ വിദ്യാകേന്ദ്രവുമായോ ബന്ധപ്പെടുക. ഫോണ്‍: 04885 222294.

---------------------------------------------------------------------------------------------------------------------------------------------------------------

* ജനപ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്യണം.

  കുന്നംകുളം: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ 1962 മുതല്‍ 2010 വരെ ജനപ്രതിനിധികളായവരില്‍ ജീവിച്ചിരിക്കുന്നവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, മേല്‍വിലാസം, ഭരണസമിതിയുടെ കാലാവധി, വഹിച്ചിരുന്ന സ്ഥാനം എന്നിവയാണ് രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കേണ്ടത്.

---------------------------------------------------------------------------------------------------------------------------------------------------------------

* ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍.

  കുന്നംകുളം: നഗരസഭാ പ്രദേശത്തുള്ള വ്യാപാരസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447804003.

---------------------------------------------------------------------------------------------------------------------------------------------------------------

* മെയിന്‍ റോഡ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍.

   കുന്നംകുളം: മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് സ്മാരക കുരിശുപള്ളിയില്‍ മാര്‍ കുരിയാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പെരുന്നാള്‍. ഞായറാഴ്ച വൈകീട്ട് ഏഴിന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് കൊടിയും സ്ലീബായും ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, വി. കുര്‍ബാന (സ്മാരക കുരിശിങ്കല്‍), തുടര്‍ന്ന് നേര്‍ച്ച വിളമ്പ്, പരിശുദ്ധന്മാരായ മാര്‍ കുരിയാക്കോസ് സഹദായുടെയും പരുമല മാര്‍ ഗ്രിഗോറിയോസിന്റെയുംതിരുശേഷിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള പള്ളിയാണ് മാര്‍ ഗ്രിഗോറിയോസ് ദേവാലയം. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, ട്രസ്റ്റി ടി.ഐ. ഉല്ലാസ്, സെക്രട്ടറി സി.കെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

---------------------------------------------------------------------------------------------------------------------------------------------------------------

* ജനങ്ങളെ ബന്ദികളാക്കി സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കുന്നംകുളം: ഒരുകൂട്ടം ജീവനക്കാരുടെ പിടിവാശിക്കുമുന്നില്‍ കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ ശനിയാഴ്ചയും ബസ് ഗതാഗതം സ്തംഭിച്ചു. ബസ്സില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ പൊതുജനമധ്യത്തില്‍ മാനഹാനി വരുത്തിയതിന് പി.വി.ടി ബസ് സര്‍വീസിലെ കണ്ടക്ടര്‍ വരവൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തതാണ് പണിമുടക്കിനാധാരം. സുരേഷിന് പിന്നില്‍ സംഘടനകള്‍ ശക്തമായി അണിനിരന്നതോടെ ഒരു റൂട്ടിലെ ജനങ്ങളെ മുഴുവന്‍ ബന്ദിയാക്കി രണ്ടുദിവസമായി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. സ്വകാര്യ ബസ് സര്‍വീസുകളെ നിലയ്ക്കുനിര്‍ത്താന്‍ ശ്രമിച്ചാല്‍ പണിമുടക്ക് എന്ന ആയുധം പുറത്തെടുക്കുമെന്ന സംഘടനകളുടെ നിലപാട് ജനങ്ങളെയാണ് വലയ്ക്കുന്നത്. റൂട്ട് പെര്‍മിറ്റ് കൊടുക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ ദുരിതത്തിലാവുന്നു. മിന്നല്‍ പണിമുടക്കുകളെ നേരിടാന്‍ മുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും പ്രവര്‍ത്തിക്കുന്നില്ല. പാലിയേക്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകാര്‍ സമരത്തിലേര്‍പ്പെട്ടപ്പോള്‍ പോലീസുകാര്‍ ബസ് പിടിച്ചെടുത്ത് ഓടിച്ചത് യാത്രക്കാര്‍ക്ക് സഹായമായിരുന്നു. അവശ്യസര്‍വീസ് നിയമം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സമരങ്ങളെ നേരിടാന്‍ ഉണ്ടെങ്കിലും മിന്നല്‍ പണിമുടക്ക് ശക്തി പ്രാപിക്കുകയാണ്. പണിമുടക്കിലേക്ക് നയിക്കുന്ന ബസ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരവും അധികാരികളില്‍ നിന്നുണ്ടാകണം. ശനിയാഴ്ച സമരം വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിലാണെങ്കിലും ഇത് വടക്കാഞ്ചേരിയില്‍ നിന്ന് വാഴാനി, മലാക്ക, കല്ലംപാറ ഭാഗത്തേക്കുള്ള ബസ് സര്‍വീസും തടസപ്പെടുത്തി. കുന്നംകുളം റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. വടക്കാഞ്ചേരി-കുന്നംകുളം റൂട്ടില്‍ ശനിയാഴ്ച കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയത് ചെറിയ ആശ്വാസം പകര്‍ന്നു.

---------------------------------------------------------------------------------------------------------------------------------------------------------------

* കുന്നംകുളം -വടക്കാഞ്ചേരി റൂട്ടിലെ പണിമുടക്ക് പിന്‍വലിച്ചു.

   കുന്നംകുളം: കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ രണ്ടുദിവസമായി നടന്നുവന്ന മിന്നല്‍ പണിമുടക്ക് അവസാനിപ്പിക്കുവാന്‍ ബസുടമകള്‍ തീരുമാനിച്ചു. ബാബു എം. പാലിശ്ശേരി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാമെന്ന എം.എല്‍.എയുടെ ഉറപ്പിലാണ് പണിമുടക്ക് പിന്‍വലിച്ചത്. ജൂലായ് 15ന് നടത്താനിരുന്ന സൂചനാപണിമുടക്കും പിന്‍വലിച്ചു. ബസുടമകളെ പ്രതിനിധീകരിച്ച് ടി.എ. ഹരിദാസ്, മുജീബ്, സദന്‍, ബി.എം.എസ്. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, തൊഴിലാളികളായ പി.ആര്‍. സജി, മണി, സുരേഷ്, പ്രേമന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. മിന്നല്‍ പണിമുടക്ക് ഒരിക്കലും അനുവദിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ എം.എല്‍.എ. പറഞ്ഞു. മിന്നല്‍ പണിമുടക്കില്‍ റൂട്ടിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ശക്തമായ ജനരോഷവും പണിമുടക്ക് പിന്‍വലിക്കാന്‍ കാരണമായി.

---------------------------------------------------------------------------------------------------------------------------------------------------------------

* കുടുംബസംഗമം ഇന്ന്.

   കുന്നംകുളം:ബെഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1987 എസ്.എസ്.സി. ബാച്ചിന്റെ കുടുംബസംഗമം ജൂലായ് 14ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

---------------------------------------------------------------------------------------------------------------------------------------------------------------

* ഉത്തരാഖണ്ഡിലേക്ക് പിരിവ് ശേഖരിച്ചു.

   കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം കമ്മിറ്റി ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.സി. സജി അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വര്‍ഗ്ഗീസ് ചൊവ്വന്നൂര്‍, പഞ്ചായത്തംഗങ്ങളായ വി.കെ. രമേഷ്, വിജി നന്ദനന്‍, യൂത്ത് കോണ്‍ഗ്രസ് വൈസ്​പ്രസിഡന്റ് അജയ്, സി.കെ. ജോണ്‍, ശ്രീകല ശങ്കരനാരായണന്‍, നിധീഷ്, ഷാജന്‍, ഷാജു, ഉസ്മാന്‍ കുട്ടി, മമ്മാലു എന്നിവര്‍ സംസാരിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------

* ആയുര്‍വേദത്തെക്കുറിച്ച് ശില്‌പശാല‍.

   കുന്നംകുളം: കൊച്ചന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കായി ആയുര്‍വേദത്തെക്കുറിച്ച് ശില്പശാല നടത്തി. ഡോ. പി.പി. സജീവ് ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ കെ.ഐ. ജോളി ഉദ്ഘാടനം ചെയ്തു. ഉഷ ജോര്‍ജ്, ടി.എസ്. രേഷ്മ, റിയ രാജന്‍, വൈഷ്ണവ് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

---------------------------------------------------------------------------------------------------------------------------------------------------------------

* പൂര്‍വ്വവിദ്യാര്‍ഥിസംഗമം.

   കുന്നംകുളം: ഇരിങ്ങപ്പുറം ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ യു.പി. സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ഥിസംഗമം നടത്തുന്നു. ഞായറാഴ്ച രാവിലെ 10ന് സ്‌കൂളിലാണ് യോഗം.

---------------------------------------------------------------------------------------------------------------------------------------------------------------

* ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം.

   കുന്നംകുളം: രാമായണമാസാചരണത്തിനായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഒരുമാസം നീളുന്ന ചടങ്ങുകള്‍ ബുധനാഴ്ച ആരംഭിക്കും. കക്കാട് മഹാഗണപതിക്ഷേത്രത്തില്‍ 5008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. കര്‍ക്കടകം ഒന്നുമുതല്‍ മുപ്പത് വരെ ചടങ്ങുണ്ടാകും. 31ന് 1008 നാളികേരം കൊണ്ട് മഹാഗണപതി ഹോമവും ഉണ്ടാകും. ഗുരുവായൂര്‍ മണിസ്വാമി രാമായണ നവാഹയജ്ഞത്തിന് നേതൃത്വം നല്‍കും. ചൊവ്വാഴ്ച വൈകീട്ട് മഹാത്മ്യത്തോടെ നവാഹം ആരംഭിക്കും. ജൂലായ് 25ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും. 26ന് ഇല്ലംനിറയും തൃപ്പുത്തരിയും ഉണ്ടാകും. ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി അഡ്വ. സുധീഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മങ്ങാട് ഭഗവതിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 17 മുതല്‍ ആരംഭിക്കും. രാധ അന്തര്‍ജനം യജ്ഞാചാര്യയാകും. 16ന് വൈകീട്ട് 5ന് ഭാഗവത മഹാത്മ്യപ്രഭാഷണത്തോടെ തുടക്കം കുറിക്കും. രാമചന്ദ്രന്‍ ചെറുവള്ളി, സരസ്വതി രാമചന്ദ്രന്‍ എന്നിവരാണ് യജ്ഞാചാര്യര്‍. ദിവസവും വിശേഷാല്‍ പൂജകള്‍, പ്രത്യേക ഹോമങ്ങള്‍, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും. ആളൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗണപതിഹോമം, ഭഗവത്‌സേവ എന്നിവ ഉണ്ട്. ആഗസ്ത് ഒന്നിന് രാവിലെ 6ന് ഔഷധസേവ, ആനയൂട്ട്, അന്നദാനം, നാലമ്പലയാത്ര എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

---------------------------------------------------------------------------------------------------------------------------------------------------------------

* സ്വാമി ജയേന്ദ്രസരസ്വതി കക്കാട് ദര്‍ശനത്തിനെത്തി.

   കുന്നംകുളം:കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി കക്കാട് മഹാഗണപതിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ഗുരുവായൂര്‍ വേദപാഠശാലാ മന്ദിരത്തിന്റെ സമര്‍പ്പണം കഴിഞ്ഞ് മടങ്ങും വഴിയാണ് ക്ഷേത്രത്തിലെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ക്ഷേത്രത്തിലെത്തിയ ജയേന്ദ്ര സരസ്വതിയെ തന്ത്രി തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ നമ്പൂതിരി, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സുബിദാസ്, സെക്രട്ടറി അഡ്വ. വി. സുധീഷ് നായര്‍ എന്നിവര്‍ സ്വാമിയെ അനുഗമിച്ചു. പതിനഞ്ച് മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ച സ്വാമി നെല്ലുവായ് ധന്വന്തരിക്ഷേത്രത്തിലേക്ക് പോയി.

---------------------------------------------------------------------------------------------------------------------------------------------------------------

കടപ്പാട്: മാതൃഭൂമി, മലയാള മനോരമ.